കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികളുടെ നൂതന കണ്ടുപിടുത്തത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം.
ഇലക്ട്രോണിക്സ് ആൻഡ് ബയോമെഡിക്കൽ എൻജിനീയറിംഗ് വകുപ്പിലെ അവസാന വർഷ വിദ്യാർഥികളായ ശ്രീജിത്ത് രാമചന്ദ്രൻ, മിസ്ന അബ്ദുൾ മനാഫ്, എസ്. വിനായക്, എം. ഷംനാദ് എന്നിവർ വികസിപ്പിച്ച ഗാമിഫൈഡ് ജോയിന്റ് റീഹാബിലിറ്റേഷൻ സിസ്റ്റം എന്ന ഉപകരണത്തിനാണ് കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ സംഘടിപ്പിച്ച യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിൽ 50,000 രൂപയുടെ അവാർഡ് ലഭിച്ചത്.
നാഡീ-പേശി രോഗികളിലെ സന്ധികളുടെ ചലനശേഷി പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന ഗെയിം അധിഷ്ഠിത ഉപകരണമാണിത്. ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്കും സ്ട്രോക്ക് ബാധിതർക്കും ഈ ഉപകരണം ഉപയോഗിക്കാം. സന്ധികളുടെ ചലനശേഷി വീണ്ടെടുക്കുന്നതിനും, പേശികളുടെ മുറുക്കം നിയന്ത്രിക്കുന്നതിനും, മസ്തിഷ്ക-പേശി ഏകോപനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.